വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണി: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
വിലകുറഞ്ഞ തുണിത്തരങ്ങളുടെ ഇറക്കുമതി ഖാദി മേഖലയ്ക്ക് ഭീഷണിയാണെന്നും ഇത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി.കെ.കൃഷ്ണന്‍കുട്ടി. ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.ഓണം ഖാദി മേള 2024 ന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തി ഇവിടെ പ്രോസസ് ചെയ്ത് വില്‍പ്പന നടത്തുകയാണെന്നും ഖാദിക്ക് റിബേറ്റ് നല്‍കുന്നതിലൂടെ രക്ഷപ്പെടില്ലായെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇറക്കുമതിക്കെതിരെ പൊരുതണം. വന്‍കിട വ്യവസായികളുടെ കിട്ടാക്കടം 16 ലക്ഷം കോടി രൂപയാണ്. ഇത് ബാങ്കുകള്‍ എഴുതിത്തള്ളുന്നു. ഇത്തരം വായ്പകള്‍ ചെറിയ പലിശയ്ക്ക് നല്‍കുമ്പോള്‍ ഖാദി മേഖല ഉള്‍പ്പെടുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ പലിശയാണ് നല്‍കേണ്ടിവരുന്നത്. പ്രൈവറ്റ് സെഷന്‍ നടപ്പാക്കുന്നത് വായ്പ സബ്‌സിഡികള്‍ അവരിലേക്ക് വഴി തിരിച്ചുവിടുമെന്നും ഇതിനെതിരെ ഖാദി തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ സമൂഹവും പ്രതിക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. ഖാദി മേഖലയുടെ പ്രോത്സാഹനത്തിനായി തന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് തലത്തിലും നിലവില്‍ കോങ്ങാട് മണ്ഡലത്തിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കെ.ശാന്തകുമാരി എം.എല്‍.എ വിശദീകരിച്ചു.
പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സഫ്തര്‍ ഷെറീഫ് സമ്മാനക്കൂപ്പണ്‍ വിതരണം നടത്തി. ഖാദി ബോര്‍ഡ് അംഗം മുന്‍ എം.പി എസ്.ശിവരാമന്‍. സര്‍വോദയ സംഘം ജില്ലാ സെക്രട്ടറി കെ.പ്രജീഷ്, അകത്തേത്തറ ഖാദി ഉത്പാദക വ്യവസായ സഹകരണ സംഘം സെക്രട്ടറി സിനി, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി ദീപു , ലീഡ് ബാങ്ക് മാനേജര്‍ അനില്‍കുമാര്‍ പി.ടി , ഹാന്‍ടെക്‌സ് റീജിണല്‍ മാനേജര്‍ ഷൈലേഷ് കുമാര്‍, പ്രോജക്ട് ഓഫീസര്‍ എസ് കൃഷ്ണ എന്നിവരും പങ്കെടുത്തു. ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഇത്തവണത്തെ ഓണം ഖാദിമേള ‘ ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപ വരെ വ്യവസ്ഥയില്‍ ക്രെഡിറ്റ് സൗകര്യവും കൂടാതെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.