നിപ്പ പ്രതിരോധം: അടിയന്തര ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു

പാലക്കാട്‌:അയൽ ജില്ലയായ മലപ്പുറത്ത് നിപ്പ സ്ഥിരീകരണവും തുടർന്ന് മരണവും നടന്ന സാഹചര്യത്തിൽ ‘ പാലക്കാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓൺലൈനായി ഉദ്യോഗസ്ഥതല യോഗം യോഗം ചേർന്നു.

പ്രസ്തുത വിഷയത്തിൽ ബോധവത്കരണം ആവശ്യമാണെന്നും പനി വന്നാൽ ഉടൻ ചികിത്സ തേടണമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. മലപ്പുറം ജില്ലയോട് ചേർന്ന് കിടക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ബോധവത്കരണവും ജാഗ്രത നിർദ്ദേശവും നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ യോഗത്തിൽ അറിയിച്ചു. സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം അടുത്ത ദിവസം തന്നെ ഡി.എം.ഒ യുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കാൻ ജില്ല കലക്ടർ നിർദ്ദേശം നൽകി. ജില്ലാ ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളേജ് ഡയറക്ടറും ഉൾപ്പെട്ട യോഗം വിളിച്ചു ചേർത്ത് ഐസൊലേഷൻ വാർഡുകൾ സംബന്ധിച്ച ചർച്ച നടത്തുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ വ്യക്തമാക്കി.
രണ്ടുദിവസമായി മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുമാറ്റിയെങ്കിലും വനംവകുപ്പ് അധികൃതരുടെ ശ്രദ്ധ വേണമെന്നും പ്രസ്തുത പ്രദേശങ്ങളിൽ വാച്ചർമാരെ നിയോഗിക്കേണ്ടതുണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു. പുഴകളിൽ ഇറങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പഞ്ചായത്ത് പ്രസിഡൻറുമാർ മുഖേന കരുതൽ നിർദ്ദേശം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ അറിയിച്ചു.ഫയർഫോഴ്‌സിൻ്റെ
രക്ഷാപ്രവർത്തനങ്ങളെ ജില്ല കലക്ടർ യോഗത്തിൽ അഭിനന്ദിച്ചു.
കഴിഞ്ഞദിവസം ആലത്തൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ സ്കൂളുകളിലെ പഴയ സ്കൂൾ ബസുകൾ ഉണ്ടെങ്കിൽ അവയുടെ കണക്കെടുക്കാനും അവ മാറ്റി നൽകുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി . ജൂലൈ 31ന് മുൻപ് റോഡിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ പിഡബ്ല്യുഡി, കെ.ആർ.എഫ്.ബി അധികൃതർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.കൂടാതെ വാഹന ഗതാഗതം തിരിച്ച് വിടുന്ന ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകി.
യോഗത്തിൽ എ.ഡി.എം സി. ബിജു, ജില്ല പോലീസ് മേധാവി എസ്.ആനന്ദ് ഡിഎംഒ ഡോ.കെ.ആർ വിദ്യ തുടങ്ങിയവരുൾപ്പെടെ വിവിധ വകുപ്പ് ജില്ല മേധാവികൾ പങ്കെടുത്തു.

 

You May Also Like