വടക്കഞ്ചേരി:വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയിൽ കാർ തടഞ്ഞു നിർത്തി, കാറിൻ്റെ പുറകിൽ വേറൊരു കാറിടിപ്പിച്ചും എറണാകുളം സ്വദേശിയായ മുഹമ്മദ് റിയാസിനേയും, സുഹൃത്ത് ഷംനാദിനേയും കാറിൽ കയറ്റി തട്ടി കൊണ്ടുപോയി മർദ്ദിച്ചും, കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചും പണവും, പേഴ്സും, മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ മൂന്ന് പ്രതികൾ കൂടി വടക്കഞ്ചേരി പോലീസ് പിടിയിൽ.കൊലപാതക കേസ് ഉൾപ്പെടെ മുപ്പതോളം കേസുകളുള്ള എരുമപ്പെട്ടി ഉമിക്കുന്ന് പ്ലാവളപ്പിൽ സിനീഷ് എന്ന കണ്ണൻ,പട്ടാമ്പി സ്വാദേശി
സജീഷ് എന്ന സജു,കുന്നംകുളം കരിയമ്പ്ര ഷിബു എന്ന ഷിബു സിംഗ് എന്നവരാണ് പിടിയിലായത്. നേരത്തെ തൃശ്ശൂർ എരുമപ്പെട്ടി സ്വദേശികളായ സജീഷ് (34), മുഹമ്മദ് (28) അമീർ ( 27 ) എന്നിവർ പിടിയിലായിരുന്നു.ഇതോടെ കേസിൽ ആറ് പേർ പോലീസ് പിടിയിലായി.
കഴിഞ്ഞ 14 നാണ് ദേശീയപാത നീലിപാറയിൽ ഇന്നോവ കാറിൽ എത്തിയ സംഘം സിനിമ സ്റ്റൈലിൽ മറ്റൊരു കാറിനേയും കാർ യാത്രക്കാരെയും തട്ടിക്കൊണ്ടുപോയത്.കാറിൽ പണമാണെന്ന് സംശയിച്ചാണ് ഇവർ കാറിൽ യാത്രക്കാരെയും തട്ടിക്കൊണ്ടു പോയത്, എന്നാൽ പണം കണ്ടെത്താൻ കഴിയാത്തതിനാൽ കാരയാത്രികരെ തൃശ്ശൂരിൽ ഇറക്കി വിടുകയും ഇവരുടെ കാർ വടക്കഞ്ചേരിക്ക് അടുത്ത് ഉപേക്ഷിക്കുകയും ചെയ്തുവെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കേസിൽ പത്തിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. . ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി . കൃത്യത്തിൽ പങ്കെടുത്ത കാറുകൾ പോലീസ് പിടിച്ചെടുത്തു.