പാലക്കാട്:സർക്കാരിന്റെ മൂന്നാം വാർഷികത്തിൽ ഏറ്റവുമധികം പട്ടയവിതരണം നടന്ന ജില്ല പാലക്കാടാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ ചിറ്റൂർ, പാലക്കാട് താലൂക്ക്തല പട്ടയമേള മന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സർക്കാരിന്റെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന 100 ദിന കർമ്മപരിപാടിയിലൂടെ ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ 2,227 പേർക്ക് പട്ടയം നൽകി. വരുംദിവസങ്ങളിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 3,009 ആകും. പട്ടയ മിഷൻ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. പട്ടയം ലഭ്യമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം പട്ടയമിഷനിലൂടെ സാധ്യമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂരിൽ നടന്ന പരിപാടിയിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായി. എംഎൽഎമാരായ കെ.ബാബു, എ.പ്രഭാകരൻ, ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കെ.എൽ.കവിത, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര തുടങ്ങിയവർ പങ്കെടുത്തു.