കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവത്തിന് തുടക്കമായി.
സംഗീതോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര നിർവഹിച്ചു. കല്‍പ്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പുതുക്കോട് കൃഷ്ണമൂര്‍ത്തി നഗറിലാണ് പരിപാടി നടക്കുന്നത്.
സംസ്ഥാന ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
ആദ്യ ദിനം അന്നമാചാര്യ ദിനമായാണ് ആഘോഷിച്ചത്. ബാംഗ്ലൂര്‍ ബ്രദേഴ്‌സായ എം.ബി.ഹരിഹരന്‍, എസ്.അശോക് എന്നിവരുടെ സംഗീത കച്ചേരി ഉദ്ഘാടന ദിനത്തിൽ നടന്നു.
ട്രിവാൻഡ്രം എൻ. സമ്പത്ത് (വയലിന്‍), സംഗീത കലാനിധി ഡോ.തിരുവാരൂര്‍ ഭക്തവത്സലം (മൃദംഗം), വി.എസ്.പുരുഷോത്തം (ഗഞ്ചിറ) എന്നിവര്‍ ചേര്‍ന്നാണ് പക്കമേളമൊരുക്കിയത്. കച്ചേരി അവതരിപ്പിച്ച കലാകാരൻമാരെ ജില്ലാ കളക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു.
ജനറൽ കൺവീനർമാരായ സുബ്ബരാമൻ, വിജയാംബിക, സ്വാമിനാഥൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഹേഷ് കുമാർ, സംഗീതജ്ഞൻ പ്രകാശ് ഉള്യേരി , കരിമ്പുഴ രാമൻ, ഡിടിപിസി സെക്രട്ടറി സിൽബർട്ട് ജോസ് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, പബ്ലിസിറ്റി കൺവീനർ നോബിൾ ജോസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.