പാലക്കാട്: ഷൊർണൂരിൽ ട്രെയ്ൻ തട്ടി ശുചീകരണത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് 3.30 യോടെയായിരുന്നു ഷൊർണൂരിൽ ട്രെയ്ൻ തട്ടി 4 ശുചീകരണത്തൊഴിലാളികൾ മരിച്ചത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഇടിച്ചാണ് തമിഴ്നാട് സ്വദേശികൾ മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. അഞ്ചുവർഷമായി ഇവർ ഒറ്റപ്പാലത്ത് താമസിക്കുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.