പാലക്കാട്:പരസ്പര ആരോപണങ്ങൾ മുറുകുന്നതിനിടെ കെപിഎം റീജൻസിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിഐ ആദംഖാൻ്റെ നേതൃത്വത്തിലാണ് പരിശോധന. ട്രോളി ബാഗുമായി ഹോട്ടലിലേയ്ക്ക് ആരെങ്കിലും വരുന്നുണ്ടോ ഏതെങ്കിലും മുറിയിലേയ്ക്ക് കയറുന്നുണ്ടോ എന്നറിയാനാണ് സിസിടിവി പരിശോധന.ഹോട്ടൽ മുറിയിലെ റെയ്ഡിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നതിനായാണ് പരിശോധന. ഫൊറൻസിക് സംഘവും പൊലീസിനൊപ്പമുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളുടെ റൂമുകളിൽ നടത്തിയ റെയ്ഡ് വൻ വിവാദമായി മാറിയിരുന്നു.തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധനയാണെന്നും ഹോട്ടൽ മുറികളിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എഎസ്പി പറഞ്ഞു. പരിശോധനയ്ക്ക് പൊലീസിന് അവകാശമുണ്ടെന്നും കള്ളപണം ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലല്ല എത്തിയതെന്നും കഴിഞ്ഞ മാസം ജില്ലയിലെ പല ഹോട്ടലുകളിലും പരിശോധനത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.