തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് തദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 58 പേര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴിയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. രണ്ടുതവണ മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് ആവശ്യമുള്ള ഉപകരണങ്ങള്‍ നിര്‍ണയിച്ചത്. ഇലക്ട്രിക് വീല്‍ചെയര്‍, കമ്മോഡ് ചെയര്‍, തെറാപ്പി മാറ്റ്, വാക്കിങ് സ്റ്റിക്ക്, തെറാപ്പി ബോള്‍ എന്നിവ വിതരണം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി റജീന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആര്‍.കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ്, ഷാനിബ ടീച്ചര്‍, സെക്രട്ടറി കെ.എസ്.മഞ്ജുഷ, സി.ഡി.പി.ഒ എം.ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.