പാലക്കാട്:തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പാലക്കാടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു.കുന്നുംപുറം കമ്മ്യൂണിറ്റി ഹാൾ,കുമരപുരം സ്കൂളിലെയും ക്യാമ്പുകളാണ് മന്ത്രി സന്ദർശനം നടത്തിയത്.
കുന്നുംപുറം കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പ് ഇന്നത്തോടെ അവസാനിപ്പിക്കാനാകും. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങി. ആശങ്ക നിലവിലില്ല. ക്യാമ്പ് പരാതികളില്ലാതെ നടന്നു. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിരുന്നു. വെള്ളം കയറിയ വീടുകള്‍ ശുചിയാക്കുന്ന പ്രവൃത്തി നടന്നുവരുന്നു. വൈകിട്ടോടെ ശുചീകരണം കഴിഞ്ഞാല്‍ മൂന്ന് കുടുംബങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് തിരിച്ചുപോകാനാകും. മൂന്ന് വീടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. എല്ലാ മഴക്കാലത്തും ദുരിതം ആവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. ജലവിഭവം, റവന്യു വകുപ്പുകള്‍, മുനിസിപ്പാലിറ്റി, ബന്ധപ്പെട്ട മറ്റു വകപ്പുകള്‍ എന്നിവയുമായി കൂടിയാലോചിക്കും.മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.കൃഷ്ണദാസ്, ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, കൗണ്‍സിലര്‍മാര്‍ എന്നിവരുണ്ടായി.