പാലക്കാട് ഇൻഡോർ സ്റ്റേഡിയം അടുത്ത ഒരു വർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണുള്ളതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .2002 ൽ ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ 1.9 5 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിക്കുന്നത്. ഈ സ്റ്റേഡിയത്തിന് വേണ്ട തുക സംഭരിക്കുന്നതിനായി ഒരു സൊസൈറ്റി രൂപീകരിച്ചിരുന്നുവെങ്കിലും അത് വേണ്ട രീതിയിൽ മുന്നോട്ടു പോയിരുന്നില്ല. ആ കുറവും സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് തടസ്സമായിരുന്ന കേസ് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിഹരിച്ചാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുന്നത് കൊണ്ട് സംസ്ഥാന സർക്കാരുമായി സ്റ്റേഡിയം സൊസൈറ്റി ഒരു എം ഒ യു ഒപ്പിടേണ്ടതുണ്ട്. ഇതനുസരിച്ച് കായിക പരിശീലനം, ദേശീയ – സംസ്ഥാന മത്സരങ്ങൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുക എന്നിവയാണ്. ഇതിലൂടെ ലഭിക്കുന്ന തുക ജോയിൻറ് അക്കൗണ്ട് രൂപീകരിച്ച് സ്റ്റേഡിയത്തിന്റെ മെയിന്റനൻസിനും കൂടി നീക്കി വയ്ക്കും. ഇൻഡോർ സ്റ്റേഡിയത്തിന് പുറത്തേ
ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കാനുള്ള ടർഫാക്കി ഉപയോഗിക്കാനുള്ള സാധ്യതയും കായിക വകുപ്പ് പരിശോധിക്കും.
പാലക്കാട് ജില്ലയിൽ മികച്ച അത് ലറ്റിക് സ്റ്റേഡിയം ഉണ്ട് എങ്കിലും നല്ല ഫുട്ബോൾ സ്റ്റേഡിയമില്ല. ഈ കുറവ് പരിഹരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും താനും പാലക്കാട് നഗരസഭയുമായി ചർച്ച നടത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ നിലവിലെ ഫുട്ബോൾ ഗ്രൗണ്ട് 40 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിന് വേണ്ടിയുള്ള സമ്മതപത്രം നഗരസഭ ചെയർമാൻ ഇന്ന് കൈമാറിയിട്ടുണ്ട്. ഭൂമിയുടെ അധികാരം നഗരസഭയ്ക്ക് ആയതുകൊണ്ട് സ്റ്റേഡിയത്തിന്റെ അധികാരവും നഗരസഭയ്ക്കാവും. എന്നാൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണം ആയതിനാൽ നഗരസഭ സംസ്ഥാന സർക്കാരുമായി എം ഒ യു ഒപ്പുവെക്കേണ്ടതുണ്ട്. സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ ചർച്ചകൾ തുടരും.
പാലക്കാട് ജില്ലയ്ക്ക് കായിക വകുപ്പ് ഇതുവരെ 70 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചത്. തൃത്താല , പറളി, കണ്ണമ്പ്ര പഞ്ചായത്ത്, കോട്ടായി സ്കൂൾ, എരുമയൂർ സ്കൂൾ. തേങ്കുറുശ്ശി , മേലാർകോട് എന്നിവിടങ്ങളിൽ എല്ലാം സ്റ്റേഡിയങ്ങൾ യാഥാർത്ഥ്യമായി ‘ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ആലത്തൂരിലെ എല്ലാ പഞ്ചായത്തുകളിലും ഗ്രൗണ്ട് യാഥാർത്ഥ്യമാക്കിയ കെ ഡി പ്രസേനൻ എംഎൽഎയുടെ പ്രവർത്തിയും മന്ത്രി എടുത്തുപറഞ്ഞു. 14 കോടി 50 ലക്ഷം രൂപയാണ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണത്തിന് വേണ്ടി സംസ്ഥാന സർക്കാർ കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഒറ്റപ്പാലം എംഎൽഎയുമായ അഡ്വ കെ പ്രേംകുമാർ അധ്യക്ഷനായി. എംഎൽഎമാരായ കെ ശാന്തകുമാരി, മുഹമ്മദ് മുഹ്സിൻ , കെ ഡി പ്രസേനൻ, കെ.ബാബു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനു മോൾ, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള’ ശശിധരൻ, ജില്ലാ കളക്ടറും പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി ചെയർപേഴ്സനുമായ ഡോ. ചിത്ര എസ് ,സെക്രട്ടറി ടി ആര്‍ അജയൻ, സ്പോർട്സ് കേരളം ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ പി കെ. കോഴിക്കോട് മേഖല കായിക യുവജന കാര്യാലയം ഡെപ്യൂട്ടി ഡയറക്ടർ അനീഷ് ടി എന്നിവർ പങ്കെടുത്തു.