ജില്ലാതല തദ്ദേശ അദാലത്ത് നാളെ. അദാലത്തില്‍ പരാതികള്‍ നേരിട്ടും നല്‍കാം

പാലക്കാട്‌: സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ നാളെ(ആഗസ്റ്റ് 19ന്) മണപ്പുള്ളിക്കാവിലുള്ള കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ ജില്ലാതല തദ്ദേശ അദാലത്ത് രാവിലെ 9.30 മുതല്‍ നടക്കും. അദാലത്തില്‍ പരാതികള്‍ നേരിട്ടും നല്‍കാമെന്ന് എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഉള്ള പരാതികള്‍ തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങള്‍ ഒഴിച്ചുള്ള 11 വിഷയങ്ങളാണ് തദ്ദേശ അദാലത്തില്‍ പരിഗണിക്കുക. അഞ്ചു ഉപജില്ലാ സമിതി കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പരാതികള്‍ ഫീല്‍ഡ് തല അന്വേഷണം നടത്തി പരിഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

adalat.lsgkerala.gov.in എന്ന സിറ്റിസണ്‍ അദാലത്ത് പോര്‍ട്ടല്‍ വഴി ലഭിച്ച പരാതികള്‍ കൈകാര്യം ചെയ്യാനും കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.പോര്‍ട്ടല്‍ മുഖേന മുന്‍കൂറായി പരാതി നല്‍കിയ അപേക്ഷകന് പരാതി നമ്പര്‍, ഉപജില്ല സമിതി നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ ക്രമനമ്പര്‍ സഹിതമുളള ടോക്കണ്‍ നല്‍കുന്നതാണ്.തുടര്‍ന്ന് അപേക്ഷകരെ വോളണ്ടിയര്‍മാര്‍ മുഖേന ഉപജില്ല സമിതിയിലേക്ക് നയിക്കുന്നതാണ്.അദാലത്ത് ദിവസം പരാതി നല്‍കുന്ന അപേക്ഷകനെ അതിനായുളള പ്രത്യേക കൗണ്ടര്‍ മുഖേന പരാതി നമ്പര്‍, ക്രമനമ്പര്‍ എന്നിവയുളള ടോക്കണ്‍ നല്‍കിയ ശേഷം അപേക്ഷകനെ പരാതിക്കാസ്പദമായിട്ടുളള തദ്ദേശസ്ഥാപന സെക്രട്ടറിയുടെ കൗണ്ടറില്‍ വോളണ്ടിയര്‍മാര്‍ എത്തിക്കും.തുടര്‍ന്ന് തദ്ദേശസ്ഥാപന സെക്രട്ടറി പരാതി പരിശോധിച്ച ശേഷം ഉപജില്ല സമിതിയിലേക്ക് നല്‍കും. ഇത്തരത്തില്‍ ഉപജില്ല,ജില്ല, സംസ്ഥാനതലസമിതി മുന്‍പാകെയെത്തിയ പരാതികളില്‍ മന്ത്രിയുടെ ഭാഗത്ത് നിന്ന് തീര്‍പ്പ് ലഭിക്കുകയും പരാതികളിലുളള മന്ത്രിയുടെ തീര്‍പ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ലോഗിനില്‍ ലഭ്യമാക്കുകയും തുടര്‍ന്ന് അന്തിമ ഉത്തരവാക്കി സര്‍ട്ടിഫിക്കറ്റ് ഡെലിവറികൗണ്ടറില്‍ ലഭ്യമാക്കുകയും ചെയ്യും. അപേക്ഷകര്‍ക്ക് പ്രസ്തുത ഉത്തരവുകള്‍ ടോക്കണ്‍ ക്രമത്തില്‍ സര്‍ട്ടിഫിക്കറ്റ് കൗണ്ടറില്‍ നിന്ന് കൈപറ്റാവുന്നതാണ്.
തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഉള്ള പരാതികള്‍ തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങള്‍ ഒഴികെ ബിൽഡിങ് പെർമിറ്റ്- കംപ്ലീഷൻ- ക്രമവത്ക്കരണം, വ്യാപാര-വാണിജ്യ-വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങളും പൊതു സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ 11 വിഷയങ്ങളാണ് തദ്ദേശ അദാലത്തില്‍ പരിഗണിക്കുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-0491-2505155, 2505199.

You May Also Like