പാലക്കാട്: കെട്ടിട നിർമാണ ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മണപ്പുള്ളിക്കാവ് കോസ്മോ പൊളിറ്റൻ ക്ലബിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കെട്ടിട നിർമാണ ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരും. 106 ചട്ടങ്ങളിലായി 350 ഓളം ഭേദഗതികളാണ് പരിഗണനയിൽ. ഇത് സംബന്ധിച്ച വ്യക്തതകൂടി അദാലത്തുകളിൽ ഉണ്ടാകും.
അദാലത്തിൽ വ്യക്തപരമായ പരാതികൾക്ക് പുറമെ പൊതുവായ പ്രശ്നങ്ങളിലും തീരുമാനമുണ്ടാകുന്നുണ്ട്. സർക്കാർ സഹായത്തോടെ ലഭിക്കുന്ന വീടുകൾ ഏഴ് വർഷത്തിന് ശേഷം കൈമാറാമെന്ന തീരുമാനം ഇത്തരത്തിൽ ഉണ്ടായതാണ്. കെട്ടിട നിർമാണ പെർമിറ്റ് എടുത്ത ശേഷം നിർമാണം നടന്നില്ലെങ്കിൽ ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകാനും തീരുമാനമായി.
14 ജില്ലകളിലും മൂന്ന് കോർപറേഷനുകളിലുമായി 17 തദ്ദേശ അദാലത്ത് സംഘടിപ്പിക്കും. സുതാര്യവും കാര്യക്ഷമവുമായ പരാതി പരിഹാരമാണ് ലക്ഷ്യം. 15 ദിവസം കൂടുമ്പോൾ ജില്ലാ തലത്തിൽ അദാലത്ത് നടത്തുന്ന തരത്തിൽ തുടർ പ്രവർത്തനമുണ്ടാകും. താലൂക്ക് തലത്തിൽ സ്ഥിരം അദാലത്തുകൾ നടന്നു വരുന്നുണ്ട്.അവയിൽ തീർപ്പാകാത്തവയാണ് ജില്ലാതലത്തിൽ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായി. അദാലത്തുകൾക്ക് തുടർച്ച വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
എം.എൽ.എമാരായ എ.പ്രഭാകരൻ, അഡ്വ.കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്സിൻ, പി.മമ്മിക്കുട്ടി, അഡ്വ.കെ.പ്രേംകുമാർ, കെ.ഡി.പ്രസേനൻ, പി.പി. സുമോദ്, കെ.ബാബു, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എം.കെ.ഉഷ നന്ദിയും പറഞ്ഞു.