പട്ടികവര്‍ഗ്ഗ മേഖലയ്ക്കായുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യം-മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്‌ പട്ടികവര്‍ഗ്ഗ മേഖലയ്്ക്കായുളള മുഴുവന്‍ ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി.ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ 15 വയസ്സിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായുള്ള അക്ഷയ ജ്യോതി 2.0 ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിലെ ഐ.പി.പി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി എത്താത്ത പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി എത്തിക്കുന്നതിന് 196 കോടി രൂപയാണ് വൈദ്യുതി വകുപ്പ് അനുവദിച്ചത്. ഇത്തരത്തിലുളള 97 കോളനികളില്‍ 24 എണ്ണത്തില്‍ വൈദ്യുതി ലൈന്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉളളത്. അവിടേക്ക് സോളാറും ബാറ്ററിയും ഉപയോഗിച്ച് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതി ഉപയോഗിക്കുന്നതിനോടൊപ്പം പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിനുളള സോളാര്‍ പദ്ധതികളും വകുപ്പിലുണ്ട്.  ഇത് പരിഹരിക്കുന്നതിന് ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ അനിവാര്യമാണ്. ട്രൈബ്‌സ് ഉള്‍പ്പെടെ സമൂഹത്തിലെ മുഴുവന്‍ വിഭാഗം ആളുകളുടെയും ആരോഗ്യ വിവരങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസ് ( ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ ടി ബി സെന്ററും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയായി.പരിപാടിയില്‍ ജില്ലയിലെ ആദ്യ ടി.ബി മുക്ത പഞ്ചായത്തിനുള്ള പുരസ്‌കാരം നെല്ലിയാമ്പതി പഞ്ചായത്തിന്  മന്ത്രി കൈമാറി.നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രിന്‍സ് ജോസഫും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോയ്‌സനും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാബിറ.എ ജില്ലയില്‍ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പഞ്ചായത്ത് പ്രസിഡണ്ടുമാരെ പ്രതിനിധീകരിച്ച് ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിത സംസാരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വിദ്യ കെ ആര്‍,  , ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ പി.കെ , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. റോഷ് ടിവി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ഉഷ എം കെ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടര്‍  ജയ്.പി.ബാല്‍, ജില്ലാ ആര്‍. സി.എച്ച് ഓഫീസര്‍ ഡോ.അനിത എ.കെ , ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് ജംല റാണി , ജില്ലാ ടി.ബി ഓഫീസര്‍ ഡോ ഹരിദാസന്‍ സി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ രജീന രാമകൃഷ്ണന്‍,പാലക്കാട് പട്ടികവര്‍ഗ്ഗ വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് വത്സല, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 ബൈജു കുമാര്‍ ,ജില്ലാ ടി.ബി ഓഫീസര്‍ ഡോക്ടര്‍ ഹരിദാസന്‍.സി, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയിലെ പട്ടികവര്‍ഗ്ഗ മേഖലയിലെ 15 വയസ്സിന് താഴെയുള്ള കുട്ടികളെ ക്ഷയരോഗ വിമുക്തരാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ജില്ല വിഭാഗം നടപ്പാക്കുന്ന  അക്ഷയ ജ്യോതി പദ്ധതി സംസ്ഥാനത്ത് ആദ്യമായി  നടപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയുടെ ആദ്യഘട്ടം അഗളി, ഷോളയൂര്‍, പുതൂര്‍, കിഴക്കഞ്ചേരി, വണ്ടാഴി, മുതലമട എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളിലാണ് സംഘടിപ്പിച്ചു വരുന്നത്. രണ്ടാം ഘട്ടം  പട്ടിക വര്‍ഗ്ഗ ജനവിഭാഗം ഉള്‍പ്പെട്ട ബാക്കി 38 പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

You May Also Like